Monday, March 31, 2008

മടക്കം...

കരുത്തന്‍ കടന്നു പോയി...
കറുത്ത മക്കള്‍ അനാഥരായി....
ലയാളം നെടുകേ ഛേദിക്കുമ്പോഴൊക്കെയും,
കണ്ണിലേക്കു തെറിച്ചിരുന്ന ഒരു തുള്ളി കറുത്ത ചോരയായിരുന്നു കടമ്മനിട്ട...
ഇന്നോളം കണ്ണില്‍ തളം കെട്ടിനിന്നത് ഇന്നു മലയാള മണ്ണിലേക്കു നിര്‍ഗ്ഗളിച്ചു....
കവിക്കു കടന്നു പോകാം... ലോകത്തിന്റെ അങ്ങേത്തലയോളം...!!

പടിയിറങ്ങുമ്പോള്‍ കവികള്‍ യാത്ര പറയുന്നതും
കയറിച്ചെല്ലുന്നിടത്ത് കവികള്‍ ചിരിച്ചുകൊണ്ട് കുശലം ചോദിയ്ക്കുന്നതും
സ്വന്തം കവിതയോടാണ്...
കാരണം.., കവിക്കും കാലത്തിനും മുമ്പേ കവിത സഞ്ചരിക്കുന്നു...
കുറത്തിയും, കോഴിയും, ചാക്കാലയുമൊക്കെയാണ്
കടമ്മനിട്ട കടന്നുവരുന്നുവെന്നാദ്യം മലയാളത്തോടു പറഞ്ഞത്,
കവിതകള്‍ കള്ളം പറഞ്ഞതല്ല...
കടമ്മനിട്ട വന്നു..
കൈ നിറയെ തന്നു... പക്ഷെ...,
പറയാതെ പോകുന്നു...

ങ്ഹാ...
കടമ്മനിട്ടക്കു കടന്നു പോകാം...
തെല്ലും പരിഭവത്തിനിട വരുത്താതെ
മലയാളത്തിനുള്ളത് പണ്ടേ അദ്ദേഹം വീതം വെച്ചു നല്‍കിയിരുന്നുവല്ലോ...
എങ്കിലും മലയാളത്തിനു മുറിപ്പെട്ടിടത്ത് ഇനിയെന്നുമൊരു
തുന്നലിന്റെ പാട് കാണേണ്ടി വരുമല്ലോയെന്നോര്‍ക്കുമ്പോള്‍...........

Saturday, March 15, 2008

ഉത്തരം.............


നാല്..., അഞ്ച്..., ആറ്...., ഏഴ്......
മാസാന്ത്യത്തിന്റെ ശിഖരത്തില്‍,
പാതിരാവിലൊരു ബലിക്കാക്ക
മരണമെണ്ണിത്തിട്ടപ്പെടുത്തുന്നു...

തട്ടകങ്ങളില്‍.., തലയണയ്ക്ക്ടിയില്‍ നിന്നും,
ചുവന്ന നീരുറവകള്‍ പുഴകളാകുന്നു..
രാവിന്റെ ഓലക്കീറില്‍ യൌവ്വനം വാള്‍ത്തല കൊണ്ട്,
വര്‍ഗ്ഗത്തെ, വര്‍ണ്ണത്തെ തരം തിരിയ്ക്കുന്നു...

കന്നനൂര്‍..> കണ്ണൂര്‍..> കണ്ണീര്‍..>............??

സാക്ഷര കേരളം ഉത്തരം മുട്ടി കുനിഞ്ഞിരിക്കുമ്പോള്‍,
കണ്ണൂരിലെ അമ്മാമാര്‍ മാത്രം
കീറപ്പായില്‍ ചുരുണ്ട്കിടന്ന്
അന്നന്നത്തെ ഹോം വര്‍ക്കിന് മനക്കണക്കില്‍ ഉത്തരം കാണുന്നു....,

ജീവിതം+ സന്താനം=
ബലിക്കാക്കകള്‍ ബാക്കി വെച്ച ഒരു ഉടഞ്ഞ ചോറുരുള.......!!

Friday, February 29, 2008

ഒരിക്കല്‍ക്കൂടി...




നിന്റെ ഉച്ഛ്വാസത്തിലുയിര്‍ക്കൊള്ളുന്ന
ഇളം കാറ്റുകളൊന്നും
എന്നെത്തഴുകാതെ കടന്നുപോകുന്നില്ല...
അറിയാതെപോലും നീയൊന്നു തേങ്ങരുത്
കൊടുങ്കാറ്റിനെ എനിക്കത്രയ്ക്കുഭയമാണ്...

മുകില്‍ക്കുമ്പിള്‍ തുളുമ്പി,
പൂനിലാവൊക്കെയും
പുരപ്പുറത്തേയ്ക്കിറ്റുന്ന ശബ്ദം
എന്റെ പുലര്‍ക്കാലനിദ്രയ്ക്കു ഭംഗം വരുത്തുന്നു...
പാല്‍പ്പാത്രവുമേന്തി
പതുക്കെ നടക്കാന്‍ ശ്രമിക്കണം...

പുതിയനഖമുന,
കൃഷ്ണമണിയെ മുറിപ്പെടുത്തുന്നുണ്ടെന്നുറപ്പ്...
അല്ലെങ്കിലെന്തിന് പുഴകളൊക്കെ
പൊടുന്നനെ ഗതിമാറണം...?
കഴിന്നതുംകണ്ണില്‍ സ്വയം മഷിയെഴുതുക...

പ്രണയമെന്ന പദത്തില്‍
ഒരിക്കലും ചേരാത്തൊരു ചില്ലക്ഷരമായ്,
അള്ളിപ്പിടിച്ചിരുന്നത്
എത്രകാലമെന്ന് തിട്ടമില്ല
അടര്‍ത്തിയെറിഞ്ഞതിന് നന്ദി...

അങ്ങ് പൊന്നാനിയില്‍...


അങ്ങ് പൊന്നാനിയില്‍
പുഴ കടലുമായി സംഗമിക്കുന്നിടത്ത്
നീ ഇമവെട്ടാതെ നോക്കിനില്‍ക്കണം...
ഇങ്ങ് മലയിടുക്കില്‍
നിള ഉത്ഭവിക്കുന്നിടത്ത്,
ഞാനെന്റെ ഹൃദയം പറിച്ചിടാം...